Sunday, August 26, 2007

ആധുനിക പൂക്കളം


ഇതും ഒരു പൂക്കളമാണ്. എറണാകുളം മഹാരാജാസിലെ അവസാന വര്‍ഷ ഭൌതികശാസ്ത്ര വിദ്യാര്‍ത്ഥികള്‍ 1999-ലെ ഓണത്തിനു തങ്ങളുടെ ക്ലാസ്സ് മുറിയ്ക്ക് മുന്നില്‍ ഇട്ട പൂക്കളം.

പഠിത്തത്തിന്റെ തിരക്കിനിടയില്‍ (ഓ, പിന്നേ) അന്ന് ഓണത്തിനു പൂക്കളം ഇടുന്ന കാര്യം അവര്‍ ഓര്‍ത്തില്ല. പഠനത്തിനുപുറത്തുള്ള തിരക്കിനിടയില്‍ ഞാനും അതോര്‍ത്തില്ല. മറ്റുള്ളവര്‍ ഓണത്തിനു പൂക്കളമിടുന്നത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ബോധം ഉദിച്ചത്. ഉടനേ കാശ് പിരിച്ചെടുത്ത് പൂക്കള്‍ കിട്ടാവുന്നതൊക്കെ വാങ്ങി അന്ന് പ്രാക്റ്റിക്കല്‍ ചെയ്യാന്‍ ഇരുന്ന ഏതോ ഒരു സര്‍ക്യൂട്ട് ബോര്‍ഡിന്റെ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് കൊണ്ട് ആ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഈ പൂക്കളം ചമയ്ക്കുകയായിരുന്നു.

അതിനുമുന്‍പും പിന്പും ഒരുപാട് പൂക്കളം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ ഏറ്റവും പ്രിയപ്പെട്ട പൂക്കളം ഇതുതന്നെ. ഓരോ തവണയും കാണുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുന്നതും പിന്നെ പഴയ കൂട്ടുകാര്‍ക്കൊകെ ഒരു മെയില്‍ അയക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു ഹൃദ്യമായ പൂക്കളം. ഇത്, എന്റെ പൂക്കളം, എന്റെ പ്രിയപ്പെട്ട സഹപാഠികളുടെ പൂക്കളം. ഇത്, ഞങ്ങളുടെ പൂക്കളം.

ഓണാശംസകള്‍.

Sunday, August 19, 2007

തുടക്കം

അങ്ങിനെ ഞാനും തുടങ്ങുന്നു. കുറേ നാളായി ആളുകളെ ഇനിയെങ്ങിനെ ദ്രോഹിക്കാം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്. ഇതു തന്നെ നല്ല വഴി. ഫോട്ടോ ബ്ലോഗിങ്ങേ ഇനി ബാക്കി ഉള്ളൂ, ബാക്കി എല്ലാത്തിലും കൈവച്ച് നശിപ്പിച്ചു.

ചിത്രമെടുപ്പ് എനിക്ക് പണ്ടേ ഒരു ബാലികേറാമലയായിരുന്നു. ചിത്രമെടുക്കുമ്പോള്‍ കൈ അനങ്ങാതെ പിടിക്കുന്നതു മുതല്‍, വ്യൂ ഫൈന്ററില്‍ കൃത്യമായി ചിത്രത്തില്‍ പതിയേണ്ടുന്നതിനെ വയ്ക്കുന്നതും, അവസാനം ബട്ടണ്‍ ഞെക്കുമ്പോള്‍ ക്യാമറ കുലുങ്ങാതിരിക്കുന്നതും ഒക്കെ വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്തതാണ്. ഇപ്പോഴും പക്ഷെ തെറ്റുകൂടാതെ ഈ മൂന്നും ചെയ്യുന്നത് അപൂര്‍വ്വം. അങ്ങിനെയുള്ള തീയില്‍ കുരുത്ത ഒരാള്‍ ഒരിക്കലും എക്സ്പോഷര്‍, ഐഎസ്.ഒ., വൈറ്റ് ബാലന്‍സ്, കോണ്ട്രാസ്റ്റ് എന്നിവ കേട്ട് വാടില്ല എന്ന് പറയേണ്ടല്ലോ.

അപ്പൊ ഞാന്‍ തുടങ്ങുന്നു. അനുഗ്രഹിക്കുക.