Saturday, November 17, 2007

ഈഫല്‍ ടവറ്


ഇത് പാരീസിലെ ഈഫല്‍ ടവര്‍ അല്ല. കാഴ്ചയില്‍ അതുപോലെ തോന്നിക്കുമെങ്കിലും ഇത് ലാസ് വേഗാസിലെ ഈഫല്‍ ടവര്‍ റെസ്റ്റൌറന്റ് ആണ്. യഥാര്‍ത്ഥ ഈഫല്‍ ടവറിന്റെ കൃത്യം പകുതി ഉയരമായ അഞ്ഞൂറ്റി നാല്‍പ്പത് അടി ഉള്ള ഈ ഹോട്ടല്‍ പണികഴിപ്പിക്കാന്‍ അയ്യായിരം ടണ്‍ സ്റ്റീല്‍ ചിലവായി എന്നാണ് കണക്ക്. ഇതിനുള്ളില്‍ കാസിനോകളും ഭക്ഷണശാലകളും എന്ന് വേണ്ട, ടവറിന്റെ ഏറ്റവും മുകളില്‍ നിന്ന് കാഴ്ച കാണാനുമുള്ള സൌകര്യമുണ്ട്. പ്രകാശത്തിന്റെ നഗരം എന്നും വിളിക്കപ്പെടുന്ന് ലാസ് വേഗാസിന്റെ രാത്രികാലദൃശ്യം കാണാന്‍ അനുയോജ്യമായ ഒരു സ്ഥലമാണ് ഇത്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: http://www.eiffeltowerrestaurant.com/

Sunday, November 4, 2007

രാജകുമാരനേയും കാത്ത്


എന്തിനു നീ കരയുന്നു രാജകുമാരീ? നിന്‍ വ്യഥകള്‍ തീര്‍ക്കാന്‍ രാജകുമാരന്‍ ഉടന്‍ എത്തില്ലേ? ഏഴാംകടലിനക്കരെനിന്നും ഏഴ് കുതിരകളെപ്പൂട്ടിയ രഥത്തില്‍ ഈ സുന്ദരി രാജകുമാരിയെക്കൂട്ടിക്കൊണ്ട് പോകാന്‍ രാജകുമാരന്‍ പുറപ്പെട്ടുകഴിഞ്ഞു. ഇനിയെന്റെ കുമാരി പുഞ്ചിരിക്കൂ.

Sunday, October 28, 2007

ഒളിച്ചേ, കണ്ടേ


ഒളിച്ചിരിക്കാന്‍ നോക്കിയതാ സൂര്യന്‍. ഞാന്‍ വിടുമോ. ഉടനേ തന്നെ ചിത്രം എടുത്ത് വച്ചില്ലേ. സൂര്യനെ കാണാനില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ആ മരത്തിന്റെ പിറകില്‍ ഉണ്ടെന്ന് പറയാലോ, തെളിവിനായി ഈ ചിത്രവും.

Tuesday, October 2, 2007

ടൈമിങ്ങ്

ഒരാള്‍ ഒരിക്കല്‍ സുപ്പിരിയര്‍ തടാകം കാണാന്‍ പോയി. നല്ല പ്രകൃതിസുന്ദരമായ പ്രദേശവും, അടുക്കിവച്ചിരിക്കുന്നതുപോലെയുള്ള പാറക്കെട്ടുകളും ഉരുളന്‍‌കല്ലുകള്‍ നിറഞ്ഞ തീരവും അതിലുമുപരിയായി മനോഹാരിത തുളുമ്പി നില്‍ക്കുന്ന തടാകവും ഒക്കെ കണ്ടപ്പോള്‍ നമ്മുടെ കഥാനായകന് ഉടനേ അവിടെ നിന്ന് തന്റെ പടം എടുപ്പിക്കണം.

ഉടനെ തന്നെ ഒത്ത ഒരു പാറയുടെ അറ്റത്ത് പോയി നിന്നിട്ട് ടി-കക്ഷി, ഒരു ഓവര്‍ക്കോട്ടും ഇട്ട്, കീശയില്‍ കയ്യും വച്ച്, ഷുസും ജീന്‍സും ഒക്കെയും ആയി, തന്റെ കൂട്ടുകാരനോട് ചിത്രമെടുക്കാന്‍ പ‌റഞ്ഞു. കൂട്ടുകാരന്‍ ക്യാമറ ക്ലിക്ക് ചെയ്തതും ഒരു തിര വന്ന് ആ പാറയില്‍ അടിച്ച്കയറിയതും ഒന്നിച്ച്. ആശിച്ച് കൊതിച്ച് എടുത്ത പടം ഇങ്ങനെയായി. തണുതണുത്ത വെള്ളത്തില്‍ നനഞ്ഞ് കുളിച്ച ഇദ്ദേഹം അന്നേ ദിവസം മുഴുവന്‍ ഒരു കാര്യവും ഇല്ലാതെ തണുത്ത് വിറച്ച് ഇരിക്കേണ്ടി വന്നു എന്നത് ഈ ചിത്രത്തിന്റെ ബാക്കിപത്രം.

ഞെക്കിയാല്‍ വലുതായിട്ട് കാണാം
* ഈ ചിത്രത്തില്‍ ഉള്ള ആളുമായി എനിക്ക് എന്തെങ്കിലും രീതിയില്‍ ഉള്ള സാമ്യം തോന്നുന്നുവെങ്കില്‍ അത് ചുമ്മാതാ. ഞാന്‍ അല്ല. ഞാന്‍ ഡുലുത്തില്‍ പോയിട്ടേ ഇല്ല.
* പച്ചാളത്തിന്റെ കഥയും (ശുഭ്രം) ഈ പോസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല.

Monday, September 10, 2007

ഗോരേ ഗോരേ മുഖ്‌ഡേ

സെപ്റ്റംബര്‍ എട്ടിനായിരുന്നു മിന്നസോട്ട മലയാളി അസ്സോസിയേഷന്റെ വക ഓണാഘോഷം ഉണ്ടായിരുന്നത്. ആഘോഷങ്ങളൊടനുബന്ധിച്ച് പൂക്കള മത്സരം, പായസ മത്സരം, ഓണസദ്യ തുടങ്ങിയവ കൂടാതെ വിവിധയിനം കലാപരിപാടികളും ഉണ്ടായിരുന്നു.

ഇന്നാട്ടില്‍ ഇതുപോലെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ നാട്ടില്‍ ഉള്ള അത്ര എളുപ്പമല്ല. എന്നാലും സംഘാടകര്‍ ഈ കൃത്യം വളരെ നന്നായി ചെയ്തു എന്ന് പറയാതെ വയ്യ. ഭരതനാട്യം, സിനിമാറ്റിക്ക് ഡാന്‍സ്, പാട്ടുകള്‍, സ്കിറ്റ് എന്നിങ്ങനെ വളരെയധികം കലാപരിപാടികള്‍ ഉണ്ടായിരുന്നു. പലതും ഭേദപ്പെട്ട നിലവാരം പുലര്‍ത്തി.

കാണികള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഇനം ഉണ്ടായിരുന്നു കൂട്ടത്തില്‍. നാലു കുരുന്നുകളുടെ സിനിമാറ്റിക്ക് ഡാന്‍സ്. ഡാന്‍സ് തുടങ്ങുന്നതിനുമുന്നേ തന്നെ ഈ കുട്ടികളെ അവരവരുടെ അമ്മമാര്‍ ഒക്കത്തിരുത്തിയും കൈ പിടിച്ച് നടത്തിയും ഒക്കെയാണ് സ്റ്റേജില്‍ കൊണ്ട് വന്നത്. കൂട്ടത്തില്‍ ഏറ്റവും ചെറുതാണെങ്കില്‍ സ്റ്റേജില്‍ എത്തിയിട്ടും അമ്മയുടെ ഒക്കത്ത് നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അമ്മ വളരെ കഷ്ടപ്പെട്ട് അനുനയിപ്പിച്ചാണ് മകളെ സ്റ്റേജില്‍ നില്‍ക്കാന്‍ സമ്മതിപ്പിച്ചത്. തമാശകള്‍ അവിടുന്ന് തുടങ്ങി.

പിന്നെയുള്ള ഈ കുട്ടിയുടെ ഓരോ ചലനവും കാണികളില്‍ ചിരി പടര്‍ത്തി. ഈ കുട്ടി കാണികളുടെ കണ്ണിലുണ്ണിയാവാന്‍ താമസമുണ്ടായില്ല. വളരെനേരം നീണ്ടു നിന്ന കൈയ്യടി ആയിരുന്നു പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഉണ്ടായത്. ആഘോഷപരിപാടികളില്‍ പങ്കെടുത്ത ആരും ഈ ഡാന്‍സ് അടുത്തകാലത്തൊന്നും മറക്കുമെന്ന് തോന്നുന്നില്ല. ഞാനും.


ചിരിച്ചുകൊണ്ടാണ് പരിപാടി കണ്ടതെന്നതുകൊണ്ട് വീഡിയോ ചിലയിടങ്ങളില്‍ വല്ലാതെ ഷേക്ക് ആയിട്ടുണ്ട്. സ്റ്റില്‍ ക്യാമറ ആയതിനാല്‍ ഫോക്കസ്സും പലയിടത്തും ശരിയായില്ല. പാകപ്പിഴകള്‍ ക്ഷമിക്കുക.
*ഡൌണ്‍ലോഡ് ലിങ്ക്

Sunday, August 26, 2007

ആധുനിക പൂക്കളം


ഇതും ഒരു പൂക്കളമാണ്. എറണാകുളം മഹാരാജാസിലെ അവസാന വര്‍ഷ ഭൌതികശാസ്ത്ര വിദ്യാര്‍ത്ഥികള്‍ 1999-ലെ ഓണത്തിനു തങ്ങളുടെ ക്ലാസ്സ് മുറിയ്ക്ക് മുന്നില്‍ ഇട്ട പൂക്കളം.

പഠിത്തത്തിന്റെ തിരക്കിനിടയില്‍ (ഓ, പിന്നേ) അന്ന് ഓണത്തിനു പൂക്കളം ഇടുന്ന കാര്യം അവര്‍ ഓര്‍ത്തില്ല. പഠനത്തിനുപുറത്തുള്ള തിരക്കിനിടയില്‍ ഞാനും അതോര്‍ത്തില്ല. മറ്റുള്ളവര്‍ ഓണത്തിനു പൂക്കളമിടുന്നത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് ബോധം ഉദിച്ചത്. ഉടനേ കാശ് പിരിച്ചെടുത്ത് പൂക്കള്‍ കിട്ടാവുന്നതൊക്കെ വാങ്ങി അന്ന് പ്രാക്റ്റിക്കല്‍ ചെയ്യാന്‍ ഇരുന്ന ഏതോ ഒരു സര്‍ക്യൂട്ട് ബോര്‍ഡിന്റെ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് കൊണ്ട് ആ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഈ പൂക്കളം ചമയ്ക്കുകയായിരുന്നു.

അതിനുമുന്‍പും പിന്പും ഒരുപാട് പൂക്കളം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ ഏറ്റവും പ്രിയപ്പെട്ട പൂക്കളം ഇതുതന്നെ. ഓരോ തവണയും കാണുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുന്നതും പിന്നെ പഴയ കൂട്ടുകാര്‍ക്കൊകെ ഒരു മെയില്‍ അയക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു ഹൃദ്യമായ പൂക്കളം. ഇത്, എന്റെ പൂക്കളം, എന്റെ പ്രിയപ്പെട്ട സഹപാഠികളുടെ പൂക്കളം. ഇത്, ഞങ്ങളുടെ പൂക്കളം.

ഓണാശംസകള്‍.

Sunday, August 19, 2007

തുടക്കം

അങ്ങിനെ ഞാനും തുടങ്ങുന്നു. കുറേ നാളായി ആളുകളെ ഇനിയെങ്ങിനെ ദ്രോഹിക്കാം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്. ഇതു തന്നെ നല്ല വഴി. ഫോട്ടോ ബ്ലോഗിങ്ങേ ഇനി ബാക്കി ഉള്ളൂ, ബാക്കി എല്ലാത്തിലും കൈവച്ച് നശിപ്പിച്ചു.

ചിത്രമെടുപ്പ് എനിക്ക് പണ്ടേ ഒരു ബാലികേറാമലയായിരുന്നു. ചിത്രമെടുക്കുമ്പോള്‍ കൈ അനങ്ങാതെ പിടിക്കുന്നതു മുതല്‍, വ്യൂ ഫൈന്ററില്‍ കൃത്യമായി ചിത്രത്തില്‍ പതിയേണ്ടുന്നതിനെ വയ്ക്കുന്നതും, അവസാനം ബട്ടണ്‍ ഞെക്കുമ്പോള്‍ ക്യാമറ കുലുങ്ങാതിരിക്കുന്നതും ഒക്കെ വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്തതാണ്. ഇപ്പോഴും പക്ഷെ തെറ്റുകൂടാതെ ഈ മൂന്നും ചെയ്യുന്നത് അപൂര്‍വ്വം. അങ്ങിനെയുള്ള തീയില്‍ കുരുത്ത ഒരാള്‍ ഒരിക്കലും എക്സ്പോഷര്‍, ഐഎസ്.ഒ., വൈറ്റ് ബാലന്‍സ്, കോണ്ട്രാസ്റ്റ് എന്നിവ കേട്ട് വാടില്ല എന്ന് പറയേണ്ടല്ലോ.

അപ്പൊ ഞാന്‍ തുടങ്ങുന്നു. അനുഗ്രഹിക്കുക.